
കൊടുംഭീകരൻ സെയ്ഫുള്ള ഖാലിദിനെ പാകിസ്ഥാനിൽ അജ്ഞാതർ കൊലപ്പെടുത്തി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അജ്ഞാതരായ ആളുകളുടെ ആക്രമണത്തിൽ ലഷ്കറെ തയിബ ഭീകരനായ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ പങ്കാളിയാണ് സെയ്ഫുള്ള ഖാലിദ്.
നേപ്പാളിൽ കള്ളപ്പേരിൽ കഴിഞ്ഞാണ് സെയ്ഫുള്ള ഇന്ത്യയിലെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. വിനോദ് കുമാർ എന്ന പേരിലായിരുന്നു നേപ്പാളിലെ താമസം. ഇയാൾ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. നേപ്പാളിൽ നിന്ന് പിന്നീട് പാകിസ്ഥാനിലേക്ക് മാറുകയായിരുന്നു. അടുത്തിടെയാണ് ഇയാൾ സിന്ധിലെ ബാദിൻ ജില്ലയിലേക്ക് താമസം മാറ്റിയതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രമണം, 2006ൽ നാഗ്പുരിലെ ആർഎസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം, 2008ൽ രാംപൂരിലെ സിആർപിഎഫ് ക്യാംപ് ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്.











